Wednesday, December 15, 2010

അട്ടര്‍ മട്ടര്‍...എ മര്‍മര്‍ വിത്ത് സിയ...ഉദ്‌ഘാടന ഷോ വിത്ത് വി.എം......

ഈ ഉദ്ഘാടന ഷോയിലെ നമ്മുടെ അതിഥി... മറ്റാ‍രുമല്ല ശ്രീ വി.എം.


ആമുഖമാവശ്യമില്ലാത്ത പ്രതിഭാധാരാളിത്തത്തിന്റെ ഉടമയാണ് വി.എം.എന്ന രണ്ടക്ഷരത്താലറിയപ്പെടുന്ന ശ്രീ.വി.എം.

സ്വന്തം പേരിലെ അക്ഷരക്ഷാമത്തെ ‘ക്ഷ’ വരപ്പിച്ച് അക്ഷരക്ഷേമത്തിന്റെഅക്ഷൌഹിണിപ്പടകള്‍ നയിച്ച് അക്ഷാംശങ്ങള്‍ക്കാതീതമായി അക്ഷരക്കൂട്ടുകള്‍ വിതറി  അക്ഷന്തവ്യമായ വിക്ഷോഭത്താല്‍ അക്ഷരസ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്ന അക്ഷരക്ഷീരം നിറഞ്ഞ അക്ഷീണ പ്രതിഭയാ‍ണ് അക്ഷമനായ ഈ അക്ഷരാക്ഷനെന്നതിന് ബ്ലോഗുകളുടെയും ബസ്സുകളുടെയും സാക്ഷ നീങ്ങിയ പടിപ്പുരകള്‍ സാക്ഷി.


നമസ്‌കാരം ശ്രീ വി.എം.
അട്ടര്‍ മട്ടര്‍...എ മര്‍മര്‍ വിത്ത് സിയയിലേക്ക് സ്വാഗതം.
ആദ്യമേ ചോദിക്കട്ടെ, ചിന്ന ചിന്ന ഞാഞ്ഞൂലുകള്‍ വരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കപ്പെട്ടും ഇന്റര്‍വ്യൂ നല്‍കിയും ഞെളിയുന്ന ഈ ആസുര കാലത്ത്, വിശ്വബസ്സറായ താങ്കളെ ആരും ഇതുവരെ ഇന്റര്‍വ്യൂവിന് വിളിക്കാത്തതിനെക്കുറിച്ച് എന്ത് പറയുന്നു?


എല്ലാവര്‍ക്കും നല്ല നമസ്കാരം.
“യഥാപതാതാ ഹി ദര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ജയഭാരതി, അഭ്യുഥാനമനധര്‍മസ്യ” എന്നാണു ഗീത പറയുന്നത്.അതായത് ഇന്റര്‍വ്യൂകളില്‍ ക്ഷണിക്കപ്പെട്ടില്ല എന്നതല്ല സത്യം ഞാന്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുത്തിരുന്നില്ല എന്നതാണ്. അതായത് ഞാന്‍ ക്ഷണിക്കപ്പെടാതിരിക്കുമ്പോള്‍ ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നില്ല, ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുമ്പോള്‍ ക്ഷണിക്കപ്പെടുന്നു എന്നും വ്യംഗിക്കാം. പക്ഷേ ഈ നീണ്ട കാത്തിരിപ്പ്, എന്റെ അഭിമുഖ കന്യാചര്‍മ്മം പൊട്ടിവീഴുന്നത് ഈയൊരു മഹനീ‍യ വേദിയില്‍ ആണെന്നറിയുമ്പൊഴുള്ള ആ കൃതാര്‍ത്ഥതയുണ്ടല്ലോ..അയിനു കൊടക്കണം കാശ്!

ശരിയാണ്. മുമ്പ് ക്ഷണിക്കാതെ ചെന്നപ്പോള്‍ ഗീത എന്നോടും അങ്ങനെ പറഞ്ഞിരുന്നു. മറ്റൊന്ന് ചോദിക്കട്ടെ, ഇന്റര്‍നെറ്റിലേക്കുള്ള താങ്കളുടെ അരങ്ങേറ്റം എങ്ങനെയായിരുന്നു? ഒരു പക്ഷേ അന്ന് അരങ്ങേറുമ്പോള്‍ ഇത്രയും വലിയൊരു സെലിബ്രിയിയായി മാറും എന്ന് അന്ന് തോന്നിയിരുന്നുവോ?

തികച്ചും അവിശ്വസനീയം തന്നെ. 1998 കളില്‍ കേരളാ.കോമില്‍ ഒരു ജോജിയെ തെറിവിളിച്ചു കൊണ്ട് മലയാള ഓണ്‍ലൈന്‍ സാഹിത്യത്തില്‍ തുടങ്ങിയ ആ പ്രയാണം , ഇന്നു ഒരു ലക്ഷത്തി അറുപത്തിആറായിരത്തിലധികം  ഹിറ്റുകളും നൂറിലധികം ഫോളോവേഴ്‌സുമുള്ള , എഴുപതിലധികം ബ്ലോഗ് പോസ്റ്റുകളും  ഓരോ പൊസ്റ്റിനും 20-30 കമന്റുകളും , ആകെ മൊത്തം ആയിരത്തി അഞ്ഞൂറിലധികം കമന്റുകളും ഒക്കെയുള്ള ഒരു മാരക ബ്ലോഗ് സാമ്രാജ്യത്തിന്റെ അധിപനാണു , ഉടമസ്ഥനാണു ഞാനെന്ന സത്യം, ഒരുപക്ഷേ രഹസ്യമായി എന്നെ അല്പം അഹങ്കാരിയാക്കുന്നുണ്ടോ എന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. - എന്റെ വളര്‍ച്ചയില്‍ നിങ്ങള്‍ക്ക്കുള്ള പങ്ക് , അതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നു..( ഓണ്‍ലൈന്‍ സാഹിത്യം ഓടുന്നത് എന്റെ കരുണയില്‍ , എന്റെ സമയത്തിലാണെന്നു പോലും കമന്റെഴുതാന്‍ തോന്നിപ്പോവുന്നു. ഈയിടേ ഇതുപോലെ വേറെവിടെയോ കണ്ടേ...അതാ)

ബ്ലോഗ്, ബസ് എന്നിവയെക്കുറിച്ച് താങ്കളുടെ  അഭിപ്രായം എന്താണ് ? മികച്ച് ബ്ലോഗര്‍ക്കുള്ള അവാര്‍ഡ് 2007 ഇല്‍ പ്രഖ്യാപിച്ചതില്‍ താങ്കള്‍ക്ക് മൂന്നാംസ്ഥാനമായിരുന്നല്ലോ? ഇതിനെ പറ്റി എന്താണു അഭിപ്രായം ?

സീ മിസ്റ്റര്‍ സിയ. ബ്ലോഗ് എന്നത് ആന്തരിക വിസ്ഫോടനങ്ങള്‍  ബിറ്റുകളും ബൈറ്റുകളുമായി സ്ഖലിക്കുന്ന  ഒരു പ്രതിഭാസമാണ്. ഈ സ്ഖലനത്തിനൊരു  അവാര്‍ഡ്  വയ്ക്കുന്നതിനോട് എനികക്ക് ഒട്ടും യോജിപ്പില്ല, എന്നിരിക്കിലും , ഇങ്ങനെയൊരു അവാര്‍ഡ് ഏര്‍പ്പെടുത്തിയ സ്ഥിതിക്ക് ഒന്നാം സമ്മാനം എനിക്കു തരാമായിരുന്നില്ലേ  എന്ന ചോദ്യം തികച്ചും കാലികപ്രസക്തിയുള്ളതായിരുന്നു. . ഒന്നു ഉത്സാഹിച്ചിരുന്നെങ്കില്‍ 10 അനോണി ഐഡിയില്‍ നിന്നും തുടരെത്തുടരെ വോട്ട് ചെയ്ത് എനിക്കുതന്നെ വിജയിയാവാമായിരുന്നു എന്ന തിരിച്ചറിവില്‍ അല്പം കുറ്റബോധവും ഇല്ലാതില്ല.

നിരാശാബോധത്തില്‍ ഞാനാ അവാര്‍ഡ്  തിരസ്കരിച്ചു എന്നുള്ള സത്യവും തുടര്‍ന്നുണ്ടായ ബൂലോഗത്തെ പിടിച്ചു കുലുക്കിയ  വിസ്‌ഫോടനാത്മകമായ അന്തരീക്ഷവും താങ്കള്‍ക്ക് ഓര്‍മ്മ കാണുമല്ലോ?

ഇല്ല..എന്തായിരുന്നു  ആ അന്തരീക്ഷം?

ഓ അങ്ങനെ പ്രത്യേകിച്ചൊന്നുമുണ്ടായില്ല.(ഒരിഫക്റ്റിനിട്ടതല്ലേ)

 വി.എം. ഒരു വെര്‍സറ്റൈല്‍ ജീനിയസാണ് എന്നതില്‍ എനിക്കോ താങ്കളുടെ ആരാധകര്‍ക്കോ തെല്ലും സംശയമില്ല.  കവിത, കഥ , വിമര്‍ശനം , നിരൂപണം,  ആക്ഷേപഹാസ്യം , രാഷ്ട്രീയം, ക്രിക്കറ്റ്, ഫു‌ട്‌ബോള്‍, മറ്റു സ്പോര്‍ട്‌സുകള്‍ , ഫോട്ടോഗ്രാഫി ,  ഷോവനിസം, ഫെമിനിസം.... അങ്ങനെ വി.എം. കൈവെക്കാത്ത മേഖലകള്‍ കുറവാണ് .  ഒരേ സമയം പല പല തലങ്ങളില്‍ വിഹരിക്കുകയും കൈ മുദ്ര പതിപ്പിക്കുകയും ചെയ്യുന്ന ആളാണ് താങ്കള്‍. സ്വാഭാവികമായും വി.എം എന്ന കവി വി.എം എന്ന ഫോട്ടോഗ്രാഫറെയോ വി.എം എന്ന രാഷ്ട്രീയ വിമര്‍ശകന്‍ വി.എം.എന്ന കവര്‍ ഡിസൈനറെയോ സ്വാധീനിക്കാറുണ്ടോ? കൂടാതെ ഇത്രയധികം താല്പര്യങ്ങള്‍ എല്ലാം കൂടി ഒരേ സമയം എങ്ങനെ മാനേജ് ചെയ്യുന്നു താങ്കള്‍?

സീ സിയാ , ഇവിടെ ആരും കവികളായി ജനിക്കുന്നില്ല, എന്നിലെ ഫോട്ടോഗ്രാഫര്‍ തന്നെയാണു കാര്‍ട്ടൂണിസ്റ്റും . രാഷ്ട്രീയവിമര്‍ശാന്‍  തന്നെയാണു കഥാകാരനും .  അപൂര്‍ണ്ണമായ ഒരു രേഖയുടെ മുന്നോട്ടുള്ള പ്രയാണങ്ങളിലെ ഒരോ ബിന്ദുക്കളായും , അല്ലെങ്കില്‍ സെറ്റ് പോയിന്റുകളായും  ഇവയെ വിവക്ഷിക്കാം . ചില ഘട്ടങ്ങളില്‍ ഈ താല്പര്യവ്യതിയാനങ്ങള്‍ ജനിപ്പിക്കുന്ന ബിന്ദുക്കളിലേക്കുള്ള യാത്രയില്‍ , മെയിന്‍ ഫ്രേം ഇന്റെറെസ്റ്റുകളില്‍ നിന്നും  അല്പം വ്യതിചലിക്കേണ്ടിവന്നേക്കാം  എന്നത് നിയോഗമോ    കര്‍ത്തവ്യപൂര്‍ത്തീകരണോ കാല്പനികതയുടെ കൈമുദ്ര പതിയുന്നതോ...ഇതിലേതുമായും നമുക്ക് കാണാം.  ഒരു നൂല്പാലത്തിലെ നിംനോന്നതികള്‍ പരിപൂര്‍ണ്ണമാകുന്ന അതിരക്ത്യമായ സോപാന ശ്രംഗങ്ങളില്‍ അടിവേരുകള്‍ മദോമുഖമാവുന്ന അവസ്ഥകളെ അതിജീവിക്കാന്‍ എന്നെപ്പോലൊരു  ബുദ്ധിജീവിക്ക്  തികച്ചും പ്രയാസമാണ്.  വിവിധ തലങ്ങളിലെ ഈ താല്പര്യങ്ങള്‍ ഒരേ നിലയില്‍ കൊണ്ടു പോവുക എന്നത് ബുദ്ധിമുട്ടാണ്. എന്നാലും വീട്ടില്‍ നിന്നും ആറാം നിലയിലെ ഓഫീസിലേക്കിറങ്ങി, പിന്നെ കാറിലേക്കും, അവിടന്നു ബാറിലേക്കും,  പിന്നെ..ബസിലെ  ബോറിലേക്കുമുള്ള  ഈ തിരക്കുകളില്‍ വീണുകിട്ടുന്ന ഇടവേളകളിലാണു  ഞാനീ സ്പെഷല്‍ ഹോബീസ് നടത്തുന്നത്.  കക്കൂസില്‍ വിരിഞ്ഞ കവിതകള്‍ എന്നൊരു സമാഹാരമിറക്കാന്‍  റ്റോയ്‌ലറ്റ് ബുക്ക്സുകാര്‍ സമീപിക്കുമെന്ന പ്രതീക്ഷയിലാണു ഞാന്‍. 

വി എം എന്ന കവിയെ ഇവിടെ പലര്‍ക്കും അറിയില്ല.. അതേ പറ്റി ഒന്നു വിശദീകരിക്കാമോ? ആദ്യ കവിത എഴുതാനുള്ള പ്രചോദനം?

കവിതയോടുള്ള എന്റെ അഭിവാഞ്ചക്ക്  വര്‍ഷങ്ങളോളം പഴക്കമുണ്ട്.. പക്ഷേ ഓണ്‍ലൈന്‍  കവിതകളില്‍ എന്റെ പ്രചോദനം എന്റര്‍ കീയും പിന്നെ സ്റ്റോക്കിലുള്ള  ചില തെറികളുമാണ്.  ബൂലോഗത്തെ ചില ഗവികള്‍, അവരാണെനിക്ക്  എന്നില്‍ ഉറങ്ങിക്കിടക്കുന്ന ഈവാസനകളെ  തല്ലിയെഴുന്നേല്പിച്ചത്.  ഫോര്‍ എക്സാമ്പിള്‍, എന്റെ മേരിക്കുട്ടിയുടെ കവിതയില്‍ മൈ..രേ എന്ന വികാര സാന്ദ്രമായ ആ വിളി, അതായിരുന്നു കവിതയുടെ മൊത്തത്തിലുള്ള അട്രാക്ഷന്‍.
8 വരികളെഴുതി, ഓരോ എന്റെര്‍കീ അടിച്ച് ഫോര്‍മാറ്റു ചെയ്യുന്ന രീതിയിലുള്ള ആധുനിക നിയോ-എന്ററല്‍ രീതിയിലുള്ള കവിതകളോടാണ് ഒരു കവിഎന്ന നിലയില്‍ എനിക്ക് പ്രതിപത്തി എന്നത് സമ്മതിക്കാതിരിക്കാന്‍  വയ്യ. വൃത്തവും ഘടനയും കെട്ടുറപ്പും ഓരോ വാക്യത്തിലും സമമാക്കി എന്റര്‍ അടിക്കുന്നിടത്താണു  നിയോ എന്ററല്‍ കവികളുടെ വിജയം.

ഫോട്ടോഗ്രാഫിയിലെ താല്പര്യം സ്വയം തിരിച്ചറിഞ്ഞതെന്നാണ്? ഇന്നത്തെ ഫോട്ടോ പുലികള്‍ക്കായി ഷട്ടര്‍ സ്പീഡിന്റെ പ്രവര്‍ത്തനം ഒന്ന് വിശദീകരിക്കാമോ?


ഫോട്ടോഗ്രഫിയില്‍ പുതിയ തരംഗങ്ങള്‍ കണ്ടുപിടിച്ച് പ്രാവര്‍ത്തികമാക്കുക എന്നത് എന്റെ ഒരു ഹോബിയാണ്. ആധുനിക ഫൊട്ടോഗ്രാഫിക്  രീതികളെക്കുറിച്ച് ഒരു ലേഖനം ഞാന്‍ എഴുതിയത് ദ വീക്ക് നു അയച്ചു കൊടുത്തു. അവരത് കച്ചറ ഡബ്ബയില്ലേക്കാണു വീക്കിയത് എങ്കിലും  ബ്ലോഗിലൂടെ ഞാനാ മികച്ച ലേഖനത്തെ വെളിച്ചം കാണിച്ചു. ലോകമറിയുന്ന പല ഫോട്ടോഗ്രഫി പ്രതിഭകളും ഈ വിവരം അറിഞ്ഞ് എന്റെ ബ്ലോഗു സന്ദര്‍ശിച്ച് അഭിനന്ദനം രേഖപ്പെട്റ്റുത്തിയെന്ന കാര്യവും ശ്രദ്ധേയമാണ്. തികച്ചും ആകസ്മികമായാണെന്നിലെ  ഫോട്ടോഗ്രാഫര്‍ പ്രതിഭയെ ഞാന്‍ തിരിച്ചറിഞ്ഞത്. ഷട്ടര്‍ സ്പീഡ് ഏറ്റവും സ്പീഡില്‍ ഇടുന്നത് ഞാന്‍ ശ്രദ്ധിച്ച്ചത്  എലുവത്തിങ്കല്‍ സ്റ്റോറിലെ പ്രാഞ്ച്യേട്ടന്‍ ആണ്. ആ‍ാകെ നാലടി  നാലിഞ്ച്  ഉയരമേ ഉള്ളൂവെങ്കിലും പ്രാഞ്ച്യേട്ടന്റെ ഷട്ടര്‍ സ്പീഡ് അപാരമാണ്. വൈകീട്ട്  8 മണിയോടെ കട അടച്ചാല്‍ ഒരു കമ്പി അറ്റം വളച്ച് ഷട്ടറിന്റെ ലോക്ക് ഹോളിലൂടെ ഇട്ട് ഒറ്റ വലിയാ.. “പ്ടേ” എന്ന ശബ്ദത്തിലാണ് ആ ഷട്ടര്‍ വീഴുന്നത്. പിന്നെ തൃശൂരു റൌണ്ടിലെ ചിരിയങ്കണ്ടത്ത് ജ്വല്ലറി ഷട്ടര്‍ ഇടുന്നതാണ്. ഇതേ ഷട്ടര്‍ വീഴുന്ന ശബ്ദം ഒരിക്കല്‍ അനുഭവിച്ചറിഞ്ഞത് അച്ഛന്റെ കയ്യില്‍ നിന്നാണ്.പ്ത്തേ എന്ന ഷട്ടര്‍ വീഴുന്ന അതേശബ്ദത്തിലായിരുന്നുഎ ന്റെ മോന്തേമ്മേ അങ്ങേരുടെ കൈ വീണത്.. ഷട്ടറിടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്  ഷട്ടറിട്ട ശേഷം നന്നായി താഴിട്ട് പൂട്ടണമെന്നതാണ്.

പിന്നെ ഞാന്‍ ഉപയോഗിക്കുന്നത് കാമറകള്‍  കൂടുതലും ബ്ലാക്ക്ബെറി മൊബൈല്‍ കാമറകളാണ്.  മികച്ച ഡെപ്തോഫ് ഫീല്‍ഡും അപേര്‍ചറും, ഔട്ടോഫ്  ഫോക്കസും നക്ലുന്ന ഈ കാമറകള്‍ അത്യപൂര്‍വ്വമായ പല ഫോട്ടോകളെടുക്കാനും എന്നെ സഹായിച്ചിട്ടുണ്ട്.

താങ്കളുടെ അമേരിക്കയിലെ അമ്മാവന്റെ മകന്‍ ഒരു ഐപാഡ്  കൊണ്ടുവന്നു തന്നു എന്നു കേട്ടല്ലോ ?

64 ജി ബിയുടെ ഐപാഡ് വയര്‍ലെസ് വിത് 3ജി സ്പെക്ട്രം  അഴിമതിയോടു കൂടിയുള്ള ഏറ്റവും പുതിയ മോഡലാണത്. അമ്മാവന്റെ മോനു ഡിഗ്രി പരീക്ഷക്ക് കോപ്പിയടിക്കാന്നുള്ള  രീതികള്‍ പറഞ്ഞു കൊടുത്തതിന്റെ പ്രത്യുപകാരമായിട്ടാണ് അവനിത് തന്നത്. അവന്‍ ലീവു കഴിഞ്ഞുപോയതിന്റെ പിറ്റേന്നു ഞാനത് മറിച്ചു വിറ്റ് ഒരു ക്രെഡിറ്റ് കാര്‍ഡിലെ ഔട്ട്സ്റ്റാന്‍ഡിങ്ങ്  അടച്ചു തീര്‍ത്തു. ബാക്കി വന്നതുകൊണ്ട്നാലുകെട്ടില്‍  പോയി നല്ലൊരു ഡിന്നറും പൂശി.

താങ്കളില്‍ സ്വാധീനം ചെലുത്തിയ എഴുത്തുകാര്‍ ആരൊക്കെ? താങ്കള്‍ക്കിഷ്ടപ്പെട്ട കൃതികള്‍ ഏതൊക്കെ?

പി.അയ്യനേത്ത് , പമ്മന്‍ എന്നിവരാണു കൂടുതല്‍ “സ്വാധീനം’ ചെലുത്തിയിരുന്നത്.. പ്രത്യേകിച്ച് കൌമാരദശയില്‍. ഇവരുടെ  എല്ലാ നോവലുകളും  വളരെ പ്രിയങ്കരമാണ്. പമ്മന്റെ ഭ്രാന്ത്  8 തവണ പുനര്‍വായന നടത്തിയിട്ടുണ്ട്.. കോളേജ് ടൂറിനിടയില്‍ നടത്തിയ “ദ പമ്മ്മന്‍സ് ക് വിസില്‍” ഒന്നാം സമ്മാനം എനിക്കായിരുന്നു. പുതു തലമുറ എഴുത്തുകാരില്‍ ശ്രീ.എം.കെ ഹരികുമാര്‍ ആണു ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി. അദ്ദേഹത്തിന്റെ കേരളം -50 ഭാവങ്ങള്‍ എന്ന സീരീസ് ഞാന്‍ കാണാപാഠം പഠിച്ചിട്ടുണ്ട്. കേരളഭക്ഷണമായ പുട്ട്, ഗോതമ്പുണ്ട, നൃത്തരീതികളായ മാര്‍ഗം കളി എന്നീ ലേഖനങ്ങള്‍ വായനക്കാരില്‍ അനിര്‍വചനീയമായ അനുഭൂതി പകരുമെന്നു തീര്‍ച്ച.

ഒരു ബ്ലോഗര്‍, ബസര്‍ ചിന്തകന്‍ , കവി എന്ന നിലയില്‍ താങ്കള്‍ക്ക് വായനക്കാരോട് എന്തു സന്ദേശമാണുള്ളത് ?

സന്ദേശം എന്ന വാക്ക് മിണ്ടിപ്പോവരുത്. ആ വാക്കുതന്നെ കടുത്ത അരാഷ്ട്രീയമാണു. വേണേല്‍ എന്തു മെസേജ് ആണുള്ളത് എന്നു ചോദിച്ചോ.
ബസര്‍മാരും ബ്ലോഗര്‍മാരും കൂടുതല്‍ ആര്‍ജവത്തോടെ രാഷ്ട്രീയമായ ഒരു  ധ്രുവീകരണം നടത്തി അങ്ങോട്ടുമിങ്ങോട്ടും  ചൊറിഞ്ഞും പണികൊടുത്തും നടക്കുന്ന, റിയല്‍ ലൈഫിനേക്കാള്‍ രസകരമായൊരു വെര്‍ച്വല്‍ ലോകമായിരിക്കണം  ആത്യന്തികമായ ലക്ഷ്യം. കുറേ നിഷ്പക്ഷികളും, ലേബല്‍ രഹിതന്മാരും ഇതൊക്കെ കണ്ട് മനം മടുത്ത് പോകുമെന്നതു നിസ്തര്‍ക്കമാണു. സര്‍വ ശ്രീ ദില്‍ബന്റെ ഒരു ബസില്‍ പറഞ്ഞപോലെ, എല്ലവനും അഞ്ഞാട്ടും ഇഞ്ഞാട്ടും ചൂഷണം ചെയ്യുന്ന ഒരു വെര്‍ച്വല്‍ സമൂഹം ആയിരിക്കണം നമ്മടെ ലക്ഷ്യം.

താങ്കള്‍ ഒരു ആഭാസനാണെന്നു പൊതുവെ പൊതുവേ അഭിപ്രായമുണ്ടല്ലോ?

സീ മിസ്റ്റര്‍ സിയാ ,  തികച്ചും ബാലിശമായൊരു ആരോപണമാണിത്. ക്വോളിഫ്ലവറിന്റെ വിശുദ്ധിയും കോണ്‍ഫ്ലേക്സിന്റെ  നൈര്‍മ്മല്യവുമുള്ള  ഒരു ചെറുപ്പക്കാരനെ, പല കാരണങ്ങള്‍കൊണ്ടും ആഭാസനായി ചിത്രീകരിക്കുന്ന സമൂഹത്തിന്റെ കൊടും പാതകമാണിത്. തികച്ചും നിഷ്കളങ്കമായ ചില സംശയങ്ങള്‍ ആണു വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. സത്യത്തില്‍ വായനക്കാരുടെ  മനസിലെ കുടിലതയാണിങ്ങനെ ഒരു തോന്നലുളവാക്കുന്നതില്‍ ഉല്‍പ്രേരകമായി വര്‍ത്തിക്കുന്നതെന്നു പറയാതെ വയ്യ. ഫോര്‍ എക്സാമ്പിള്‍ ഇന്നലെ ആശ്ലി എന്ന ബസറുടെ  ഒരു പോസ്റ്റില്‍, ടൈറ്റാനിക്ക് സിനിമയെ കുറിച്ച് വൈജ്ഞാനിക സവര്‍ണ്ണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഞാനവിടെ തികച്ചും നിഷ്കളങ്കമായൊരു ചോദ്യമാണു ചോദിച്ചത്  “റ്റൈറ്റാനിക്ക് മറിഞ്ഞത് റോസ്-ജാക്ക്”ശാരീരിക ബന്ധത്തിലൂടെയുണ്ടായ കുലുക്കം മൂലമാണോ എന്ന്”..  റോസിന്റെ ചിത്രം വരക്കുമ്പോള്‍ തോള്‍ അല്പം ചരിച്ചു വക്കാന്‍ ആവശ്യപ്പെട്ട് ജാക്ക് റോസിന്റെ തോളില്‍ പിടിച്ചു കുലുക്കിയ ആ ആന്ദോളനങ്ങളുടെ ശക്തിയില്‍ മറിഞ്ഞതാവില്ലേ ടൈറ്റാനിക് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ തുടര്‍ന്നു വന്ന കമന്റുകളില്‍ അവര്‍ അതിനെ മറ്റു പല രീതിയിലും ചിത്രീകരിച്ചത് തികച്ചും അപലപലപലനീയം തന്നെ. ആരും ആഭാസരായി ജനിക്കുന്നില്ല സമൂഹമാണവരെ ആഭാസന്മാരാക്കുന്നതെന്നും  ഓര്‍ക്കുമല്ലോ?

ബ്ലോഗാണോ ബസാണോ താങ്കള്‍ക്ക് കൂടുതലിഷ്‌ടം?

എന്റെ അസാമാന്യമായ രചനാപാടവത്തിനു പറ്റിയത് പ്രിന്റ് മീഡിയ തന്നെയാണ്. കാരണം എഴുതിക്കഴിഞ്ഞാല്‍ ആ ആത്മരതി ലഭിക്കുന്നതിനു പുറമേ അനോണിക്കമന്റുകളെ പേടിക്കേണ്ട ആവശ്യമില്ലല്ലോ. ബ്ലോഗിലും ഞാന്‍ ഒരു വിധം അഡ്ജസ്റ്റ് ചെയ്ത് പോവുന്നുണ്ട്. തെറി വന്നാല്‍ പെട്ടെന്നു കമന്റ് ക്ലോസും, മോഡറേഷന്‍ വയ്ക്കും,  ഇഷ്ടപ്പെടാത്ത കമന്റുകള്‍ ഡീലിറ്റുക തുടങ്ങിയ ജനാധിപത്യപരമായ മര്യാദകള്‍ പാലിക്കാറുണ്ട്. ഇപ്പോള്‍ മൈക്രോ ബ്ലോഗിങ്ങ് വേര്‍ഷനായ  ബസിങ്ങാണു കൂടുതല്‍ ഇഷ്‌ടം.

എന്തുകൊണ്ടാണു താങ്കള്‍ ബുക്കിറക്കാത്തത് ?

വൈകാരികമായി എന്നെ പിടിച്ചുലക്കുന്ന ഒരു ചോദ്യമാണിത്. ഒരു പാട് വേദന നിറഞ്ഞ ഓര്‍മ്മകളിലൂടെ ഈ ചോദ്യം എന്നെ നടത്തിക്കുന്നു. ബുക്കിറക്കാത്തത്  തീര്‍ച്ചയായും വളരേ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ്. പുസ്തകമിറക്കാന്‍ ആലോചന ഉണ്ടായിരുന്നു.  200 പേജ് പുസ്തകം പ്രിന്റിങ്ങിനു 50000 രൂപക്ക് കോണ്ട്രാക്റ്റ്  ചെയ്തു തരാമെന്നു ഒരാള്‍ ഏറ്റിരുന്നു. പിന്നെ പുസ്തക പ്രകാശന ചടങ്ങ്, നോട്ടീസടി, പ്രകാശന ശേഷമുള്ള വെള്ളമടി, ബ്ലോഗ് മീറ്റില്‍ സ്വയം അണിയിക്കാനുള്ള പൊന്നാട എന്നിവയെല്ലാം കൂടെ ചേര്‍ത്ത് ഒരു ഒന്നര ലക്ഷം ആണു ബജറ്റ് ചെയ്തിരുന്നത്. ലോണിനായി അപേക്ഷിക്കുകയും ചെയ്തു.  1000 കോപ്പി 100 ഉര്‍പ്യ വച്ച് വിറ്റാലും 1 ലക്ഷമല്ലേ വരൂ.. പിന്നെങ്ങനെ ഒന്നര ലക്ഷം ചെലവു വരുന്ന ഒരു മഹാ സംരംഭത്തിനു ലോണു തരും എന്നായി ബാങ്ക് മാനേജര്‍. പുസ്തകപ്രകാശനത്തിനായി  ലോണു കൊടുപ്പാന്‍ വകുപ്പില്ലത്രേ.  തികച്ചും ബൂര്‍ഷ്വാ, ഫ്യൂഡല്‍ ജന്മി മാടമ്പിത്ത സ്വഭാവമല്ലേ അയാള്‍ കാണിച്ചത്. ഒരു ചെറുപ്പക്കാരന്റെ അച്ചടി സ്വപ്‌നങ്ങളെ മഷി പുരളും മുന്‍പ് തീയിലിട്ടു നശിപ്പിച്ച ആ സാമദ്രോഹിക്ക് വല്ല നിയമന അഴിമതി ഇടപാടിലും പെട്ട് ജോലി തെറിക്കണം! ഹല്ലാ പിന്നെ. ഇനി ബസിലെ ഏതെങ്കിലും ഉദാരമനസ്കര്‍ ഫ്രീയായി പിഡിയെഫ് ബുക്ക് പ്രസിദ്ധീകരിച്ചു തരും എന്ന പ്രതീക്ഷയിലാണു  ഞാന്‍.

ഇത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. എന്റെ ചില കഥകള്‍ പീഡിയെഫ് രൂപത്തില്‍ ഇറങ്ങുകയുണ്ടായല്ലോ.. അതിന് അത്യധികം മനോഹരവും ലാവണ്യചമത്കാരത്തിന്റെ  നിഗൂഢഭാവങ്ങള്‍ ചൂഴ്‌ന്ന് നില്‍ക്കുന്നതുമായ കവര്‍ താങ്കള്‍ വരച്ചല്ലോ. നന്ദിയോടെ ചോദിക്കട്ടെ,  എങ്ങനെയായിരുന്നു ആ അനുഭവം?

മിസ്റ്റര്‍ സിയാ, ഫോര്‍മാലിറ്റികള്‍ ആവശ്യമില്ല. താങ്കളുടെ  സ്വന്തം പിഡിയെഫ് പുസ്തകത്തിനായിരുന്നല്ലോ ആ കവര്‍ ഡിസൈന്‍.  മികച്ച ഡിസൈന്‍ ആയിരുന്നെന്നു  പറഞ്ഞ് ഒട്ടനവധി അഭിനന്ദനക്കത്തുകള്‍ വന്നിരുന്നു.

തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു അത്.  ആര്‍ട്ടിസ്റ്റ്   ശ്രീ.റിസിനോടൊത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നത് ഒരു ഭാഗ്യമായി കാണുന്നു. കാര്‍ട്ടൂണ്‍ രംഗത്ത് ഞാന്‍ പണ്ടും മികച്ച രചനകള്‍ നടത്തി ബസിലിട്ടിരുന്നത്  ഈയവസരത്തില്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. വെറും ട്രേസിങ്ങ് എന്നതിലുപരി, വരകളെ  കഥാ/നോവലിലെ സന്ദര്‍ഭവുമായി ഇഴ ചേര്‍ത്ത് വച്ച്  ജീവിതഗന്ധിയായ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുക എന്നത് എന്റെ ഒരു കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു.
താങ്കളുടെ ആ മികച്ച രചനക്ക് വര്‍ക്കാന്‍ ഭാഗ്യമുണ്ടായി എന്നത് മുജ്ജന്മസുകൃതമാണെന്നു ഞാന്‍ കരുതുന്നു.

നന്ദി വി.എം. താങ്കള്‍ മികച്ച ഒരു ക്രിക്കറ്ററാണല്ലോ. എന്തൊക്കെയാണ് പ്രധാന ആച്ചീവ്‌മെന്റ്‌സ്  ?


തീര്‍ച്ചയായും. എന്റെ ബഹുമുഖ പ്രതിഭകളില്‍ പെടുന്ന ഒന്നു മാത്രമാണു ക്രിക്കറ്റ്.  സ്പോര്‍ട്സില്‍  എനിക്ക് വലിയ കമ്പമാണ്.  ക്രിക്കറ്റിനു പുറകേ ഗോട്ടികളി, റമ്മി, ഫ്ലാഷ്, ഇരുപത്തെട്ട്, അമ്പത്താറ്, എന്നീ കളികളിലും ഞാന്‍ കഴിവു തെളിയിച്ചിട്ടുണ്ട്.  മോഡല്‍ ബോയ്സ് സ്കൂള്‍ റ്റീമിനെതിരെ 2 സെഞ്ചുറി നേടിയിട്ടുണ്ട്, മാത്രമല്ല, തൃശ്ശൂര്‍ മൈലിപ്പാടം ടീമിനെതിരെ ഒരു സെഞ്ചുറിയും. ജില്ലക്ക് വേണ്ടി കളിച്ചപ്പോള്‍ രണ്ടിലും ഡക്കടിച്ചു. അത് അമ്പയറുടെ കുഴപ്പവും, പിച്ചിന്റെ ബൌണ്‍സിന്റെ പ്രശ്നവുമായിരുന്നു.  ഇപ്പോഴും ദുബായില്‍ ക്രിക്കറ്റ് പരിശീലനം നടത്താറുണ്ട്.


താങ്കള്‍ ഒരു പക്ഷി നിരീക്ഷകന്‍ കൂടിയാണെന്നു കേട്ടു.

കിളികള്‍ എന്റെയൊരു വീക്ക്നെസ് ആണു. ക്ക്ലാ ക്ലാ ക്ലി ക്ലീ സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന. മൈനയാണു ആദ്യമായി ശരിക്കും നിരീക്ഷിച്ച പക്ഷി.

പിന്നെ കാക്ക, കോഴി, താറാവ്, കാട തുടങ്ങിയ അപൂര്‍വ ഇനത്തില്‍ പെട്ട പക്ഷികളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും അല്പം പഠിച്ചു.  കോളേജിലെത്തിയപ്പോള്‍ മുഴുവന്‍ സമയ കിളി നിരീക്ഷണത്തിലേക്ക് ശ്രദ്ധ തിരിഞ്ഞു. ഇപ്പോള്‍ അല്പം ശമനമുണ്ട്.

താങ്കള്‍ കൈ വയ്ക്കാത്ത മേഖലകള്‍ വല്ലതുമുണ്ടോ? അടുത്ത ലേഖനങ്ങള്‍ എന്തിനെക്കുറിച്ചായിരിക്കും എന്നു വല്ല ഊഹവും?

റോക്കറ്റ് സയന്‍സില്‍ കൈ വച്ചിട്ടുണ്ട്. ഇപ്പോള്‍ വിക്കി പീഡിയ തപ്പി വാട്ടീസ് റോക്കറ്റ് എന്ന ചാപ്റ്റര്‍ പഠിച്ചുകൊണ്ടിരിക്കയാണ്. ഉടന്‍ തന്നെ റോക്കറ്റ് വിക്ഷേപന സംബന്ധിയായ  മലയാളം ബസുകളില്‍ സംവാദത്തില്‍ ഏര്‍പ്പെടാന്‍ പ്രാ‍പ്തിയുണ്ടാവുമെന്നു കരുതുന്നു. പിന്നെ  അടുത്ത ലേഖനം മിക്കവാ‍റും മെഡിക്കല്‍ ഫീല്‍ഡില്‍ നിന്നായിരിക്കും.  കേരളത്തിലെ സവര്‍ണ്ണ പട്ടന്മാരുടെ  മൂത്രം മഞ്ഞ കളറാവുന്നതിലെ ശാസ്ത്രസത്യങ്ങള്‍ ചുരുളഴിക്കുന്ന ലേഖനം.  ഈ ലേഖനം പ്രസിദ്ധീകരിക്കാമെന്ന് ചില പ്രമുഖ പത്രപ്രവര്‍ത്തകര്‍ സമ്മതിച്ചിട്ടുണ്ട്.  അതിനു ശേഷം  എംബിലിക്കല്‍ കോഡും ഒതളങ്ങയും തമ്മില്‍ ഡി എന്‍ എകളിലുള്ള സാദൃശ്യങ്ങള്‍  എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിക്കാനും ഉദ്ദേശമുണ്ട്


നമുക്ക് വൈന്‍ഡ് അപ്പ് ചെയ്യാന്‍ സമയമായി. ഇത്ര നേരം ചെലവിട്ടതിനു നന്ദി .. നമസ്‌കാരം സര്‍

ആദ്യമായി ഇന്റെര്‍വ്യൂ ചെയ്യപ്പെടണം എന്ന എന്റെ ആഗ്രഹം ആദ്യമായി സഫലീകരിച്ചു തന്നതിനു ഞാന്‍ എന്തു മാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാന്‍ ആഗ്രഹിക്കുന്നു. എന്റെ ഈ അസുലഭമുഹൂര്‍ത്തം ഈ ഇന്റെര്‍വ്യൂ മൊത്തം ലോ ആ വീഡിയോ കാമറയില്‍  റെകോഡ് ചെയ്തിട്ടുണ്ട്.. ഇതയച്ചു കൊടുത്ത ഒരു റ്റിവിക്കാരനും ഇത് സമ്പ്രേക്ഷണം ചെയ്യുന്നിലെങ്കില്‍ ഞാന്‍ എന്റെ സൊന്തം  യൂറ്റൂബ് ചാനലില്‍ ഇട്ട് കണ്ടു രസിക്കട്ടേ.. ആത്മരതിയടയട്ടേ - എല്ലാവര്‍ക്കും നന്ദി നമസ്കാരം.

6 comments:

  1. അപാരം......അവിശ്വസനീയമെന്നേ പറയേണ്ടൂ സീയാ....

    വിയെമ്മിനെ എനിക്കത്ര പരിചയമില്ലായിരുന്നു. ഇതൊരു മഹാപ്രസ്ഥാനമാണല്ലോ...

    രണ്ടുപേര്‍ക്കും ആശംസകള്‍.....

    ReplyDelete
  2. സിയാ....കലക്കന്‍, ഇതേ പോലുള്ള ചോദ്യം ചോദിക്കാനും ചോദ്യത്തെ മലര്‍ത്തിയടിക്കുന്ന ഉത്തരം താരാനും നിങ്ങള്‍ രണ്ടു പേര്‍ക്ക് മാത്രമേ കഴിയൂ. ഇഷ്ടായി.... വളരെ ഇഷ്ടായി.

    ReplyDelete
  3. അടിപൊളി സിയാ :) VM ഒരു പ്രസ്ഥാനമാണെന് ഇപ്പോഴാണ് അറിയുന്നത്.പിന്നെ താങ്കളുടെ പിഡിഎഫ് പുസ്തകം വായിച്ചു , നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  4. സൂപ്പര്‍.
    ആരാണ് വീയേം എന്നോ അതിലേക്കുള്ള വഴിയോ കാണുന്നില്ല. ആദ്യമായിട്ടാ 'വീയേം' എന്ന് കേള്‍ക്കുന്നത്. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ഫലവത്താകുമോ ആവോ!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നമിച്ചു അണ്ണാ

    ReplyDelete